| മനോഹാരിത - വളരെ മനോഹരമായ ഒരു കൊച്ചു കഥ - നിങ്ങളുടെ കുട്ടികള്‍ക്ക് വായിക്കുക - താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക എനിക്ക് വളരെ വിലപ്പെട്ടതാണ് അത്
വിവര്‍ത്തനം: സമീര്‍ കോയക്കുട്ടി, ജിദ്ദ രണ്ട് രോഗികള്‍ . രണ്ടു പേരും ഒരേ സമയം ഒരാശുപത്രിയിലെ ഒരു മുറിയില്‍ . ഒരാള്‍ - ശ്വാസകോശത്തില്‍ ജലാംശം നിറയുന്ന രോഗമുള്ളയാളാണ്. ഇദ്ദേഹത്തിന്‍റെ ചികില്‍സയുടെ ഭാഗമായി എന്നും ഉച്ചക്ക് ഒരു മണിക്കൂര്‍ തന്‍റെ കിടക്കയില്‍ ഇരിക്കാന്‍ ഡോക്ടര്‍ നിര്‍-ദേഷിച്ചിരിക്കുന്നു. ഇദ്ദേഹത്തിന്‍റെ കട്ടില്‍ ആ മുറിയിലെ ആകെയുള്ള ഒരേ ഒരു ജനലിന്നു സമീപമാണ്. മറ്റേയാള്‍ക്ക് കലശലായ നടുവേദനയാണ്. ആയതിനാല്‍ കിടക്കയില്‍ നിന്നും ദീര്‍ഘനേരം എഴുന്നേറ്റിരിക്കാന്‍ സാധ്യമല്ല. രണ്ടു പേരും പലപല വിഷയങ്ങളെക്കുറിച്ചും മണിക്കൂറുകളോളം സംസാരിക്കും. എന്നും ഉച്ചസമയം ജനലിന്നു സമീപമുള്ള രോഗി പുറത്തുള്ള സുന്ദരമായ കാഴ്ചകള്‍ മറ്റേയാള്‍ക്ക് വിവരിച്ചു കൊടുക്കും. ഒരു ഉദ്യാനം, സമീപം ഭംഗിയുള്ള ഒരു തടാകം, അരയന്നങ്ങളും താറാവുകളും കുളിച്ചു കൊണ്ടിരിക്കുന്നു. കൊച്ചു കുട്ടികള്‍ കടലാസ് തോണികള്‍ പണിതു കളിക്കുന്നു. വലിയ ആല്‍മരങ്ങള്‍ക്ക് മുകളില്‍ കുറെ കിളികള്‍ . മഞ്ഞില്‍ പൊതിഞ്ഞ പച്ച കുന്നുകള്‍ . അങ്ങകലെ പട്ടണത്തിന്‍റെ മനോഹരമായ ചിത്രം. പിന്നെ മുകളില്‍ മേഘാവൃതമായ നീലാകാശം. എന്നിങ്ങനെ പലതും അയാള്‍ വളരെ വിശദമായി വിവരിച്ചു കൊടുക്കുന്നു. മറ്റേയാള്‍ കണ്ണടച്ച് പിടിച്ചു പ്രസ്തുത ചിത്രങ്ങളെല്ലാം ഭാവനയില്‍ മനോഹരമായി കാണും. ഒരു ദിവസം വാദ്യമേളങ്ങളോടെ ഒരു ഘോഷയാത്ര കടന്നു പോകുന്നു. വര്ണ്ണപ്പകിട്ടിന്‍റെ വിസ്മയ സാഗരം! മറ്റേയാള്‍ ബേന്റ്റ് മേളങ്ങളുടെ ശബ്ദം കേള്‍ക്കുന്നില്ല. എന്നിരുന്നാലും പതിവ് പോലെ എല്ലാം ഭാവനയില്‍ ആസ്വദിച്ചു. പിന്നീട് മറ്റേയാളില്‍ ഒരു പൈശാചിക ചിന്തയുണര്‍ന്നു. ഈ മനുഷ്യന് എല്ലാം കാണാന്‍ കഴിയുന്നു. ആസ്വദിക്കാനും കഴിയുന്നു. തനിക്ക് എന്തെങ്കിലും കാണാനോ ആസ്വദിക്കാനോ കഴിയുന്നില്ല. ഇത് ശരിയല്ല തീര്‍ത്തും അനീതിയാണ്. അടുത്ത നിമിഷം അതൊരു 'അപകര്‍ഷതാബോധ' മായി, 'അമര്‍ഷ' മായി, 'അസൂയ' യായി, 'പക'യായി രൂപാന്തരപ്പെട്ടു. പിന്നെ മറ്റേയാള്‍ ഒന്നും സംസാരിച്ചേ ഇല്ല. ഈ വക ചിന്തകള്‍ മൂലം ഉറക്കവും കിട്ടിയില്ല. മനസ്സ് ആകെ അസ്വസ്ഥമായതായും മറ്റേയാള്‍ സ്വയം മനസ്സിലാക്കി. അന്ന് അര്‍ദ്ധരാത്രി കഴിഞ്ഞു ജനലിന്നടുത്തുള്ള ആള്‍ ശക്തിയായി ചുമക്കാനും ശ്വാസം വലിക്കാനും തുടങ്ങി. ഉറക്കം വരാതെ കിടക്കുന്ന മറ്റേയാള്‍ മുറിയിലെ ചെറിയ പ്രകാശത്തില്‍ അയാളുടെ പ്രയാസങ്ങള്‍ കണ്ടറിഞ്ഞു. ചുമക്കുന്നയാള്‍ വളരെ പ്രയാസപ്പെട്ടു നേഴ്സിനെ വിളിക്കാനുള്ള ബെല്ലടിക്കാന്‍ ശ്രമിക്കുന്നു. പക്ഷെ കഴിയുന്നില്ല. മറ്റേയാള്‍ അനങ്ങിയില്ല. തന്‍റെ സമീപത്തുള്ള സ്വന്തം ബെല്ലടിച്ചു നേഴ്സിനെ വിളിക്കാനും ശ്രമിച്ചില്ല. പത്തു മിനിറ്റ് കഴിഞ്ഞപ്പോള്‍ ചുമയും ശ്വാസം വലിയുമെല്ലാം നേരിയ തോതിലായി, പിന്നെ തീര്‍ത്തും ഇല്ലാതായി. ആ ശരീരത്തിന്‍റെ എല്ലാ ചലനങ്ങളും നിലച്ചു, അത് മെല്ലെ തണുക്കാന്‍ തുടങ്ങി. അടുത്ത പ്രഭാതത്തില്‍ ആ ശവശരീരം അവിടെ നിന്നും മാറ്റപ്പെട്ടു. ഉടനെ, ജനലിനടുത്തേക്ക് തന്നെ മാറ്റിത്തരാന്‍ മറ്റേയാള്‍ നേഴ്സിനോട് അപേക്ഷിച്ചു. നേഴ്സ് അത് അനുവദിച്ചു കൊടുത്തു. ജനലിനടുത്ത് എത്തിയപ്പോള്‍ അയാള്‍ അളവറ്റു സന്തോഷിച്ചു. ഇനിയുള്ള സുന്ദരമായ കാഴ്ചകള്‍ തനിക്ക് സ്വന്തം. മുറിയില്‍ തനിച്ചായ സമയം അയാള്‍ മെല്ലെ തന്‍റെ കൈമുട്ടുകള്‍ കിടക്കയില്‍ ഊന്നി തലയുയര്‍ത്തി വളരെ ആകാംക്ഷയോടെ ജനലിലൂടെ പുറത്തേക്കു നോക്കി. അയാള്‍ക്ക് തന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല!!!! ജനലിലൂടെ അയാള്‍ കണ്ടത് ഇടുങ്ങിയ ഒരു ചുമര് മാത്രം. നേഴ്സ് വന്നപ്പോള്‍ അയാള്‍ ചോദിച്ചു. "ഇന്നലെ മരിച്ച ആള്‍ എന്ത് കാരണത്താലായിരുന്നു വളരെ മനോഹരമായ കാഴ്ചകള്‍ ഈ ജനലിലൂടെ കണ്ടിരുന്നത്?" നേഴ്സ് മറുപടി പറഞ്ഞു: "താങ്കളുടെ സ്നേഹിതന് കാഴ്ച ശക്തി ഇല്ലായിരുന്നു അതുകൊണ്ട് തന്നെ ആ ഇടുങ്ങിയ ചുമര് അയാള്‍ കണ്ടിരുന്നില്ല. ഒരുപക്ഷെ താങ്കളുടെ സന്തോഷവും ആനന്ദവും മാത്രമായിരുന്നിരിക്കാം അയാളുടെ ലക്‌ഷ്യം!" അനുബന്ധം ഗുണപാഠം വിമര്‍ശനം HOSPITAL WINDOWS എന്ന ഇംഗ്ലീഷ് കഥയുടെ വിവര്‍ത്തനം. വിവര്‍ത്തകന്‍ സംസാരിക്കുന്നു ഈ കഥയില്‍ വ്യക്തികളില്ല. കഥാപാത്രങ്ങള്‍ മാത്രം. കഥാതന്തു മനസ്സില്‍ തട്ടി നില്‍ക്കാന്‍ വേണ്ടിയാണ് അങ്ങിനെ ചെയ്തതെന്ന് തോന്നുന്നു. കഥയുടെ ആംഗലേയ തലക്കെട്ട് വിഷയത്തെ പൂര്‍ണമായി പ്രതിനിധാനം ചെയ്യുന്നില്ല. അത് കൊണ്ട് "മനോഹാരിത" എന്ന പേര് നല്‍കി വിവര്‍ത്തകന്റെ സംഭാവനയാണ് കഥയുടെ മൂന്ന് വാല്‍കഷ്ണവും. ഒരാശുപത്രിയിലെ ഒരു മുറിയില്‍ നടക്കുന്ന സംഭവം. പ്രത്യക്ഷത്തില്‍ മൂന്ന് കഥാപാത്രങ്ങള്‍ . രണ്ടു രോഗികളും ഒരു നേഴ്സും. ഒരു ഡോക്ടറെക്കുറിച്ചു പരാമര്ഷിക്കുന്നുന്ടെങ്കിലും അദ്ദേഹം രംഗത്ത് പ്രത്യക്ഷപ്പെടുന്നില്ല. ഒരാളുടെ മൗനം പോലും മറ്റൊരാളുടെ മരണത്തിനു ഒരു നിമിത്തമാവുമ്പോള്‍ നമ്മുടെ മനസ്സിനെ അത് തട്ടിയുണര്‍ത്തുന്നു. സഹജീവികളോടുള്ള സഹാനുഭൂതിയെ ആത്മപരിശോദനക്കു വിധേയമാക്കാന്‍ പ്രേരിപ്പിക്കുന്നു. ഈ സൂചനയാണ് കഥയുടെ ഗുണപാഠം വ്യക്തമാക്കുന്നതും. 'ജീവികളെ' ന്ന പ്രയോഗം തന്നെ അവ 'മൃത്യു' വല്ലെന്ന തിരിച്ചറിവാണ്. കൂരിരുട്ടിലും തന്‍റെ ഭാവനാവിലാസത്തിലൂടെ മറ്റുള്ളവരെ സന്തോഷിപ്പിച്ച് - ഒരു ചിത്രശലഭം പോലെ - നമ്മിലൂടെ കടന്നു പോവുന്ന ഈ " ഒരാള്‍ " നമ്മുടെ മനസ്സില്‍ തങ്ങി നില്‍ക്കും. 'മനോഹാരിത' എന്ന പേര് ഞാന്‍ തെരഞ്ഞെടുത്തത് ഈ ചിത്രശലഭത്തില്‍ നിന്നാണ്. വര്‍ഷങ്ങളേറെയായി മനസ്സില്‍ ആ ചിത്രശലഭം കുടിയേറിയിട്ട്. ഇവിടെ ആ ചിത്രശലഭത്തെ അല്‍പനേരം പറക്കാന്‍ വിടുന്നു. ഭാവിയിലും അത് പറക്കട്ടെ. ! * ചിത്രരചനയില്‍ മുഴുകിയ അഞ്ചു വയസുകാരന്‍റെ ഛായക്കൂട്ടില്‍ തലയിട്ട ഒരു ചിത്രശലഭത്തെ അവിടെ നിന്നും വളരെ പയ്യെ രക്ഷിച്ചു അതിനോട് "sorry daa" എന്ന് പറയുന്ന വാണിദാസ് എളയാവൂരിന്‍റെ ബാലന്‍ എന്നില്‍ ഏറെ കൌതുകം ജനിപ്പിച്ചിട്ടുണ്ട്. പൂമ്പാറ്റ ബാലനോട് നിഷ്കളങ്കമായി "thank you" എന്ന് പറഞ്ഞുവോ എന്ന് പിന്നീട് ഞാന്‍ എന്നോട് തന്നെ ചോദിച്ചു. ഇത്തരം മിണ്ടാപ്രാണികളുടെ ആശയവിനിമയമാണ് നാം ഇനിയും പഠിക്കേണ്ടിയിരിക്കുന്നത്. പ്രകൃതിയുടെയും ജീവജാലങ്ങളുടെയും സൂക്ഷ്മ നിരീക്ഷണത്തിലൂടെ സ്രഷ്ടാവിന്‍റെ സാന്നിധ്യമറിയാന്‍ മനുഷ്യന് എളുപ്പം സാധ്യമാവുന്നു. പ്രകൃതിയെ സ്നേഹിക്കുകയും അതിനെ വിസ്മയത്തോടെ വീക്ഷിക്കുകയും വിചിന്തനം നടത്തുകയും ചെയ്യുന്നവന്‍ തീര്‍ച്ചയായും ഈശ്വരവിശ്വാസിയായിരിക്കും. മരണം ആസന്നമാവുമ്പോള്‍ ഈ " ഒരാള്‍ " ഇവിടെ മിണ്ടാപ്രാണിയാവുകയാണ് . "എന്നെ ആരെങ്കിലും സഹായിക്കൂ" എന്ന മൌനപ്രാര്‍ത്ഥന. ഈ തിരിച്ചറിവ് പന്ചെന്ദ്രിയങ്ങളിലൂടെ നമുക്ക് ലഭിക്കുന്നില്ലെങ്കില്‍ പിന്നെ സൃഷ്ടികളില്‍ ശ്രേഷ്ട്ഠരാണ് നാമെന്നു പറയുന്നതില്‍ ഒരര്ഥവുമില്ല! മരിച്ചവരോട് സഹതപിക്കുക എന്നത് ഒരു വലിയ കാര്യമൊന്നുമല്ല! ' ജീവനുള്ള സഹായാര്‍ഹര്‍ ' - അവരെ തിരിച്ചറിഞ്ഞിട്ടും എന്തേ നിര്‍വഹിച്ചില്ല? എന്നതാണ് ഗുണപാഠത്തിലെ ചിന്താവിഷയം. മാനുഷിക മൂല്യങ്ങളോ ജീവകാരുണ്യമോ ആയ സംഭവങ്ങള്‍ ആന്തരികമായോ ഭാഹ്യമായോ അല്പം പോലും സ്പര്ഷിക്കപ്പെടാതെ പോകുന്നവര്‍ ബുദ്ധിജീവികളല്ല; ഹൃദയശൂന്യരാണ്! ഇവര്‍ ചോദിച്ചേക്കാം 'എന്ത് മനോഹാരിത' എന്ന്! വിശപ്പടങ്ങിയാല്‍ മിണ്ടാതിരിക്കുന്ന പല്ലികള്‍ ഏറെ ഭേദം. * മനോഹാരിത ഇവിടെ അവസാനിക്കുന്നില്ല! അന്ധകാരം മുറ്റിനില്‍ക്കുന്ന, മനുഷ്യനെ മനുഷ്യനായി കാണാന്‍ സാധിക്കാത്ത 'ഭൂമിയുടെ അച്ചു തണ്ട് തിരിക്കുന്നു' എന്ന് സ്വയം അവകാശപ്പെടുന്ന അഭിശപ്തരായ മേലാളന്മാര്‍ വാഴുന്ന ഈ ഭൂമിയില്‍ ഒരിക്കല്‍ വെളുപ്പു കറുപ്പിനെ ആവരണം ചെയ്യുക തന്നെ ചെയ്യും! സമര്‍പ്പണം എന്‍റെ സ്രഷ്ടാവിന്; എന്‍റെ മാതാ - പിതാ - ഗുരുക്കള്‍ക്ക്; കാരുണ്യം വിളയുന്ന എല്ലാ നല്ല മനസ്സുകള്‍ക്കും; പിന്നെ ഞാന്‍ സ്നേഹിക്കുന്ന, എന്നെ സ്നേഹിക്കുന്ന എല്ലാവര്ക്കും വേണ്ടി ഇത് സമര്‍പ്പിക്കുന്നു. നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ നിങ്ങള്‍ക്കിഷ്ടപ്പെടുന്നവര്‍ക്ക് കൂടി ഇത് കൈമാറുക അവര്‍ നിങ്ങളെയും ഇഷ്ടപ്പെടട്ടെ |
Written and contributed by Sameer Koyakutty


